District News
മുക്കൂട്ടുതറ: പത്തു വർഷമായി ജലവിതരണം ആരംഭിച്ച എരുമേലി സമഗ്ര കുടിവെള്ള വിതരണ പദ്ധതിയിൽ കിഴക്കൻ മലയോര മേഖലയിൽ കണക്ഷൻ എടുത്തവർക്ക് ഇതുവരെയും വെള്ളം നൽകാൻ അഥോറിറ്റിക്ക് കഴിഞ്ഞില്ലെന്ന് ആരോപണം. പദ്ധതി അട്ടിമറിക്കപ്പെട്ടതിന്റെ ഫലമാണ് ഇതെന്ന് വകുപ്പുമന്ത്രിക്ക് പരാതി നൽകി ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രകാശ് പുളിക്കൻ.
എരുമേലി പഞ്ചായത്തിൽ എല്ലായിടത്തും വെള്ളം എത്തിക്കാൻ വിഭാവനം ചെയ്ത ഈ പദ്ധതിയുടെ രൂപരേഖയ്ക്കു വിരുദ്ധമായാണ് ജലവിതരണം നടക്കുന്നത്. വർഷങ്ങളായി ടാങ്കും വിതരണ കുഴലുകളും സ്ഥാപിച്ച പമ്പാവാലി, മുക്കൂട്ടുതറ ഉൾപ്പെടെയുള്ള കിഴക്കൻ മലയോര മേഖലയിൽ ജലവിതരണം ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല. ഇതിന് ഏക കാരണമായി അഥോറിറ്റി പറയുന്നത് ദേശീയപാതയിൽ കുഴലുകൾ കുഴിച്ചു സ്ഥാപിക്കാൻ അനുമതി കിട്ടിയില്ലെന്നാണ്. വർഷങ്ങളായിട്ടും ഈ തടസമാണ് അഥോറിറ്റി ഉന്നയിച്ചു കൊണ്ടിരിക്കുന്നത്.
യഥാർഥത്തിൽ ഈ തടസം മാറ്റാൻ നടപടി സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. അതേസമയം, ഇതേ ദേശീയപാതയിൽ പലയിടത്തും അനുമതി പ്രകാരം പൈപ്പുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇത് പൂർത്തിയാക്കുന്ന പ്രവൃത്തികൾ നടന്നിട്ടില്ല. കോടികൾ ചെലവിട്ട് സ്ഥാപിച്ച പദ്ധതി കുറച്ചു പ്രദേശത്ത് മാത്രം വെള്ളം നൽകുന്ന നിലയിൽ അട്ടിമറിച്ചതാണെന്ന് നാട്ടുകാർ പറയുന്നു.
പമ്പാവാലി, എയ്ഞ്ചൽവാലി, മൂക്കൻപെട്ടി, കണമല, മുട്ടപ്പള്ളി, മുക്കൂട്ടുതറ, എലിവാലിക്കര, ഉമിക്കുപ്പ, ഇടകടത്തി, പാണപിലാവ് ഉൾപ്പെടെ കിഴക്കൻ മലയോര മേഖലയിൽ ഇതുവരെയും വെള്ളം നൽകാൻ കഴിയാത്തത് സംബന്ധിച്ച് ഉടൻതന്നെ നടപടികൾ സ്വീകരിക്കണമെന്നും വേനൽ അടുത്തിരിക്കേ ഈ പ്രദേശങ്ങൾ കടുത്ത ജലക്ഷാമത്തിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണെന്നും വകുപ്പുമന്ത്രിക്ക് നൽകിയ പരാതിയിൽ മുക്കൂട്ടുതറ ബ്ലോക്ക് ഡിവിഷൻ അംഗം പ്രകാശ് പുളിക്കൻ പറയുന്നു
District News
എരുമേലി: ഇത്തവണത്തെ ശബരിമല തീർഥാടനകാലം ഏറ്റവും പ്രശ്ന സങ്കീർണമായി മാറിയത് അയ്യപ്പഭക്തരെ വഴിയിൽ തടഞ്ഞിട്ടതാണ്. അയ്യപ്പഭക്തർ ഈ നാടിന്റെ അതിഥികൾ ആണെന്നും മികച്ച സൗകര്യം ഒരുക്കി നൽകേണ്ടത് കടമയാണെന്നും സർക്കാർ വിളംബരം ചെയ്യുമ്പോൾ അതിന്റെ നേർ വിപരീത കാഴ്ചയായി മാറി റോഡിലെ തടച്ചിൽ.
അതിന് കാരണമായി സുരക്ഷയാണ് ഉന്നയിക്കുന്നത്. മുൻകൂട്ടി ബുക്ക് ചെയ്ത് ഓൺലൈൻ വഴി പാസ് ലഭിച്ച് ഇതരസംസ്ഥാനങ്ങളിൽനിന്നടക്കം എരുമേലിയിൽ എത്തുന്ന ഭക്തരെ ശബരിമലയിലേക്ക് പോകാൻ അനുവദിക്കാതെ മടക്കിവിടുന്നത് ദർശനത്തിന് ആവിഷ്കരിച്ച ഓൺലൈൻ സമ്പ്രദായത്തിലെ വീഴ്ചയാണ് പ്രകടമാക്കുന്നതെന്ന് വ്യാപകമായി ആക്ഷേപം ഉയർന്നിരിക്കുകയാണ്.
പമ്പയിൽ തിരക്ക് ഗണ്യമായി കൂടുമ്പോൾ എരുമേലിയിൽനിന്നു പമ്പയിലേക്ക് തീർഥാടകരെ കടത്തിവിടാതെ തടയുന്ന പോലീസ് നടപടി കഴിഞ്ഞ മൂന്ന് ശബരിമല സീസണിലുമുണ്ടായി. ഈ സീസണിലാണ് ഇത് ഏറ്റവും ഗുരുതര സ്ഥിതിയിലെത്തിയത്. ശക്തമായ പ്രതിഷേധങ്ങളിലേക്ക് വിവിധ സംസ്ഥാനങ്ങളിലെ അയ്യപ്പഭക്തർ എത്തുകയും അത് റോഡുകൾ ഉപരോധിക്കുന്നതും ഉൾപ്പെടെ വൈകാരിക തലത്തിലേക്ക് വരെ എത്തുകയും ചെയ്തു. നൂറുകണക്കിന് നാട്ടുകാരാണ് അയ്യപ്പഭക്തർക്കൊപ്പം റോഡിൽ കുടുങ്ങിയത്. ആംബുലൻസുകൾ പോലും കടന്നുപോകാൻ ബുദ്ധിമുട്ട് നേരിട്ടു.
കൃത്യമായ പരിഹാരം ഇപ്പോഴേ ആവിഷ്കരിച്ചില്ലെങ്കിൽ അടുത്ത സീസണിൽ സംഭവിക്കുക ഇത്തവണത്തേതിനേക്കാൾ ഗുരുതരമായ അവസ്ഥയാകുമെന്ന് ജനപ്രതിനിധികൾ ഉൾപ്പെടെ ചൂണ്ടിക്കാട്ടുന്നു. ഭക്തരുടെ ക്രമാതീതമായ വർധന മുൻനിർത്തി സൗകര്യങ്ങളും സംവിധാനങ്ങളും വർധിപ്പിക്കാതെ ഈ പ്രശ്നത്തിന് കൃത്യമായ പരിഹാരം ഉണ്ടാകില്ലെന്ന് അയ്യപ്പഭക്തരെ ഡ്യൂട്ടിയുടെ ഭാഗമായി തടയേണ്ടി വരുന്ന പോലീസ് ഉദ്യോഗസ്ഥർ തന്നെ പറയുന്നു. ശബരിമല സന്നിധാനത്തും പമ്പയിലും ഉൾക്കൊള്ളാവുന്നതിലും കൂടുതൽ തീർഥാടകർ ഒരേസമയം തിങ്ങിനിറഞ്ഞാൽ വൻ ദുരന്തത്തിലേക്ക് എത്തുമെന്നതിനാൽ തടയാതെ മറ്റു മാർഗമില്ല.
അനിയന്ത്രിതമായി ആളുകൾ തിങ്ങിനിറഞ്ഞാൽ പുല്ലുമേട് ദുരന്തം പോലെ വൻ ദുരന്തം സംഭവിക്കും. ഇങ്ങനെ അയ്യപ്പഭക്തരെ തടഞ്ഞിടുമ്പോൾ അതേദിവസം സന്നിധാനത്ത് ദർശനം നടത്താൻ പാസ് ലഭിച്ച അനേകം തീർഥാടകർ തടഞ്ഞിടപ്പെട്ടവരിൽ ഉണ്ടെന്നുള്ളത് സംവിധാനങ്ങളിലെ പാളിച്ചകളെ തുറന്നു കാട്ടുകയാണ്.
സുഖ ദർശനം, സുരക്ഷിതം എന്ന സർക്കാർനയം അടുത്ത ശബരിമല സീസണിലെങ്കിലും നടപ്പിലാകണമെങ്കിൽ ഇപ്പോൾ തന്നെ കൃത്യമായ പരിഹാരം ആവിഷ്കരിക്കണമെന്നും അയ്യപ്പഭക്തർ എത്തുന്ന എല്ലാ സംസ്ഥാനങ്ങളിലും വ്യക്തമായ അറിയിപ്പും പ്രചാരണവും ഏകോപനവും നടപ്പിലാക്കി ഏറ്റവും നൂതനമായ സംവിധാനം ഒരുക്കണമെന്നും ആവശ്യം ശക്തമായി.
Kerala
കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിൽ കോട്ടയം എരുമേലി പഞ്ചായത്തിൽ യുഡിഎഫിന് മികച്ച വിജയം നേടാനായെങ്കിലും പ്രസിഡന്റ് സ്ഥാനം ലഭിക്കില്ല. ഇത്തവണ എരുമേലി പഞ്ചായത്തിൽ പ്രസിഡന്റ് സ്ഥാനം പട്ടികവർഗ സംവരണമാണ്.
എന്നാൽ യുഡിഎഫിൽ നിന്ന് ഈ വിഭാഗത്തിൽ മത്സരിച്ച രണ്ട് സ്ഥാനാർഥികളും പരാജയപ്പെട്ടതാണ് അവർക്ക് തിരിച്ചടിയായത്. ഇതോടെ ബിജെപി, എൽഡിഎഫ് സ്ഥാനാർഥികളായി വിജയിച്ച രണ്ട് പേരിലൊരാൾ പ്രസിഡന്റാകും.
ഈ തെരഞ്ഞെടുപ്പിൽ യുഡിഎഫ് 14, എൽഡിഎഫ് ഏഴ്, ബിജെപി രണ്ട്, ഒരു സ്വതന്ത്രനും വിജയിച്ചു.
Kerala
കോട്ടയം: എരുമേലിയില് കുളിക്കുന്നതിനിടെ ശബരിമല തീര്ഥാടകന് കുഴഞ്ഞുവീണു മരിച്ചു. തമിഴ്നാട് സേലം സ്വദേശി സമ്പുവകുമാര് ശിവസ്വാമി (31) ആണ് മരിച്ചത്.
ഇന്നു രാവിലെ ഒമ്പതിനാണ് സംഭവം. വലിയ തോട്ടില് കുളിച്ച ശേഷം കയറുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. എരുമേലി സര്ക്കാര് ആശുപത്രിയില് എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു
Kerala
മുണ്ടക്കയം: മുണ്ടക്കയം എരുമേലി റോഡില് കണ്ണിമല കുത്തറക്കത്തില് ശബരിമല തീര്ഥാടകരുടെ വാഹനം നിയന്ത്രണം വിട്ടു മറിഞ്ഞു. അഞ്ചുപേര്ക്ക് പരിക്ക്. ഇന്നു പുലര്ച്ചെ മൂന്നിനായിരുന്നു അപകടം.
നിയന്ത്രണം വിട്ട ബസ് ക്രാഷ് ബാരിയര് തകര്ത്ത് നില്ക്കുകയായിരുന്നു. കുഴിയിലേക്ക് മറിയാതിരുന്നതിനാല് അപകടം ഒഴിവായി. കണ്ണിമല ഇറക്കത്തിന് മുകളില് പോലീസിന്റെ സേവനമുണ്ടെങ്കിലും വാഹനത്തിനു വേണ്ട നിര്ദേശങ്ങള് നല്കിയില്ലെന്നും ആരോപണമുണ്ട്.
ആംബുലന്സിന്റെ സേവനവും ഉണ്ടായിരുന്നില്ല. എരുമേലില്നിന്ന് ആംബുലന്സ് വരുത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയില് പ്രവേശിപ്പിച്ചത്.
District News
എരുമേലി: ഇനി പത്ത് ദിനരാത്രങ്ങൾ കഴിയുന്നതോടെ എരുമേലി അയ്യപ്പഭക്തരുടെ നാടാകും. അതിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. ടൗണിലും പരിസരങ്ങളിലും നൂറുകണക്കിന് താത്കാലിക കടകളുടെ നിർമാണം പുരോഗമിക്കുകയാണ്. റോഡുകളിൽ വശങ്ങളിലെ കാട് തെളിക്കൽ തുടങ്ങി. ടാർ പൊളിഞ്ഞ റോഡിലെ ഭാഗങ്ങളിൽ കുഴിയടയ്ക്കൽ ജോലികൾ പൂർത്തിയാകാറായി.
എരുമേലിയിലേക്കുള്ള പ്രവേശന ഭാഗമായ കൊരട്ടി പാലത്തിൽ സ്വാഗത കമാനം മോടി പിടിപ്പിക്കാനുള്ള പെയിന്റിംഗ് ജോലികൾ ഉടനെ നടത്തുമെന്ന് ദേവസ്വം ബോർഡ് അറിയിച്ചു. റോഡുകളിൽ സ്ഥാപിക്കാനുള്ള സൈൻ ബോർഡുകൾ തയാറായിട്ടുണ്ട്. അടുത്ത ദിവസം ഇവ സ്ഥാപിച്ചു തുടങ്ങുമെന്ന് മരാമത്ത് അസിസ്റ്റന്റ് എൻജിനിയർ പറഞ്ഞു.
പോലീസ് കൺട്രോൾ റൂം വലിയമ്പലത്തിന് എതിർവശത്ത് തുറക്കുന്നതിന് നവീകരണ ജോലികൾ ആരംഭിച്ചു. റവന്യു കൺട്രോൾ റൂം പുതിയ സ്മാർട്ട് വില്ലേജ് ഓഫീസിൽ പ്രവർത്തിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. കെഎസ്ആർടിസിയുടെ ഓഫീസ് പ്രവർത്തനം സ്റ്റാൻഡിന് എതിർവശത്തുള്ള ദേവസ്വം ബോർഡിന്റെ കെട്ടിടത്തിലെ രണ്ട് മുറികളിലേക്ക് മാറ്റാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. കൊരട്ടി പാലത്തിന് താഴെ ചെക്ക്ഡാമിൽ അടിഞ്ഞ തടികളും മുളങ്കമ്പുകളും നീക്കം ചെയ്ത് തടയണ ബലപ്പെടുത്തുമെന്ന് ഇറിഗേഷൻ വിഭാഗം അറിയിച്ചു.
ഓരുങ്കൽകടവിലും വലിയ തോട്ടിലെ കരിങ്കല്ലുമ്മുഴിയിലും വെള്ളം കുറയുന്നതിന് മുമ്പ് താത്കാലിക തടയണകൾ നിർമിക്കും.
എരുമേലി വഴി ശബരിമലയ്ക്കുള്ള കോയിക്കക്കാവിൽ നിന്നാരംഭിക്കുന്ന കാനനപാത തെളിക്കുന്നതിനുള്ള കാടുവെട്ടൽ ജോലികൾ തുടങ്ങിയെന്ന് വനംവകുപ്പ് അറിയിച്ചു.